Thursday, February 15, 2007

പുലര്‍ വര്‍ഷം..


സുഖമൊരുന്ന പുതപ്പിന്നുള്ളില്‍
മല്‍പ്രാണപ്രിയയാം നിദ്രയെ പുണര്‍ന്നു
ഞാനൊരു ശിശുവായി മാറവേ കുളിരുന്ന
ശ്വാസം പൊഴിച്ചാരൊ ജനല്‍പ്പാളി നീക്കുന്നു..

പൊടുന്നനെ മുറ്റത്തുമിറയത്തും
മച്ചിന്‍ പുറത്തുമൊരു മദ്ദള മേളം,
കൊട്ടിത്തിമിര്‍ക്കവേ ഒരു വളകിലുക്കമൊരു-
കപ്പു കാപ്പിയായി ഉണര്‍ത്തുന്നിതെന്നെ..!

മുറ്റത്തെ മാവിന്‍ ചില്ലയേതൊ ഗദ്ഗദം
തൊണ്ടയില്‍ കുടുങ്ങിപ്പിടയുന്നു,
കണ്ണുനീര്‍ മണ്ണിലൂക്കായി പതിക്കുന്നു..

ദൂരെയിറയത്തു മാറിയൊരു പക്ഷി
കുളി കഴിഞ്ഞു മുടിയുലര്‍ത്തവേ,
മന്ദമെന്തൊ മന്ത്രിപ്പൂ മഴ കാറ്റിന്‍ കാതില്‍..
അശ്വമായി കുതിക്കും മാരുതന്‍,
മഴയുമായി പിന്നെയെങ്ങൊ മറയുന്നു..!

ധ്രുതിയിലൊന്നു കുളി വരുത്തിയേന്‍
കവല പൂകാനൊരുങ്ങവേ,
പിന്നെയുമെത്തുന്നീ മഴ
ഒരു പരിഭവപ്പാട്ടുമായി...!


(ഏപ്രില്‍ 2001)

No comments: