Tuesday, October 16, 2007

എത്തിച്ചേരല്‍

ഗുരുകാരണവന്‍മാരുടെയെല്ലാം
അനുഗ്രഹത്തോടെയാണ്‌
യാത്ര തുടങ്ങിയത്‌

പാതി വഴി പിന്നിട്ടപ്പോള്‍
പക്ഷെ വഴി മറന്നു പോയി

ദിശയെഴുതിയ കുറിപ്പും
കളഞ്ഞു പോയി

മുമ്പോട്ട് പോകുവാന്‍ വയ്യ

അധിനിവേശത്തിന്റെ
അമേരിക്കയില്‍
കൊളംബസെന്ന പോലെ
വഴി മാറിച്ചെന്നാല്‍-

തച്ചു തകര്‍ക്കപ്പെടുന്ന സംസ്കൃതികള്‍
തുടച്ചു നീക്കപ്പെടുന്ന മനുഷ്യര്‍
ആത്മാഭിമാനത്തിന്റെ ചോരപ്പുഴകള്‍
അന്ത്യകൂദാശകളാത്മരോദനങ്ങള്‍-

ദിശയറിയാത്ത യാത്ര
തിരിച്ചു വരവില്ലാത്ത
മറ്റൊരു ഭൂമികയിലേക്കു
നീണ്ടാല്‍-

അടിവേരുകളില്ലാത്ത
അപ്പൂപ്പന്‍താടിയായ്‌
ദേശാന്തരങ്ങളിലൂടെ
മോക്ഷം തേടിയുള്ള യാത്രയും വയ്യ

പിന്നിട്ട വഴികളിലേക്കു
തിരികെച്ചെന്ന്
കുറിപ്പു തിരഞ്ഞാലൊ..?

പിറകോട്ടു തിരയാന്‍ വയ്യ-
പിന്നിട്ട വഴിയിലെ പ്രലോഭനങ്ങള്‍
അയാള്‍ക്കേ അറിയൂ-

കഥ പറച്ചിലിന്റെ നഖമുനകള്‍
വിവസ്ത്രമാക്കിയ മയില്‍പ്പീലിത്തുണ്ട്
ഇരുളിലിഴ മുറിയാത്ത തീമഴയായ്‌
പെരുങ്കളിയാട്ടം

പ്രളയം വരുമെന്നറിഞ്ഞിട്ടും
അഭയത്തിനൊരാലില
കാത്തു വെക്കാതെ പോയ
പ്രണയം

മൌനം വെടിഞ്ഞു
മന്ത്രം ജപിക്കുന്ന
മദ്യക്കുപ്പികള്‍

പിന്നെ കുന്നിറങ്ങി വരുമ്പൊള്‍
നാലാമത്തെ വളവില്‍
പിറകെയോടിയ കൊടിച്ചിപ്പട്ടി

നീലാണ്ടന്‍ കാവിലെ ഇരുളില്‍ വെച്ച്‌
പനി പിടിപ്പിച്ച പ്രേതങ്ങള്‍

നീല ശംഖുപുഷ്പത്തിന്റെ മറവില്‍
ഇല്ലിവേലിക്കുള്ളിലൂടെ
തല പുറത്തേക്കു നീട്ടിയ ശംഖുവരയന്‍

പിന്നിലേക്കു തിരയാന്‍ വയ്യ
പ്രലോഭനം കുരുക്കിട്ടെങ്കിലൊ ?

ഇനി ഈ തുരുത്തില്‍
കുറ്റിയടിച്ചു കെട്ടിക്കിടക്കാം -

Monday, October 8, 2007

സായാഹ്നയാത്ര

സന്ധ്യക്കുള്ള യാത്രകള്‍
നീ ഇഷ്ടപ്പെടുന്നില്ലേ ?

മങ്ങിയ വെളിച്ചത്തില്‍
മുങ്ങിയ പുറം കാഴ്ചകളെ,

മറയ്‌ക്കപ്പെടുന്ന സത്യങ്ങള്‍ പോലെ
ഇരുളില്‍ മറയുന്ന വന്‍മരങ്ങളെ,

ശിഥിലമായ ചിന്തകള്‍ പോലെ
ചിതറി നീങ്ങുന്ന മനുഷ്യരെ,

ദീപാലംകൃതമായ അമ്പലങ്ങളെ,
പള്ളിമണി മുഴക്കുന്ന ദേവാലയങ്ങളെ,

വെറുക്കുന്ന തുറിച്ചുനോട്ടം പോലെ
പ്രകാശിക്കുന്ന മണിമാളികകളെ,

കടത്തിണ്ണകളില്‍ കീറിയ പുതപ്പുകളില്‍
ഉറക്കം ബാധിച്ച ജീവിതങ്ങളെ,

നിലാവു വീണ തെരുവുകളില്‍
നിഴലിച്ചു കാണുന്ന പെണ്‍ചിരികളെ,

അകലെ പെയ്തു തുടങ്ങുന്ന
മഴയുടെ നനവിനെ..,

നിനക്കിഷ്ടമല്ലെ
ഈ കാഴ്ചകളൊന്നും ?

കാഴ്ചകള്‍ക്കു കനം വെച്ചു
കണ്ണുകള്‍ ഇരുള്‍ മൂടുന്നതിനു മുമ്പേ,

ചെമ്പരത്തിപ്പൂവുകള്‍ വിടരുന്ന
ഒരു രാത്രിയുടെ മുറ്റത്ത്‌
ഈ യാത്ര തീരും മുമ്പേ,
നീ വരില്ലേ
സായാഹ്നയാത്രയ്ക്കായി ?

ഓഫീസ്‌

പതിനായിരത്തിലധികം
ചതുരശ്രയടിയുടെ വിശാലത
എന്നിട്ടും
പത്തടി വ്യാസത്തില്‍
വട്ടം കൂടി സൌഹൃദങ്ങള്‍

കൂട്ടായി മുഴങ്ങുന്നെങ്കിലും
ഒറ്റയായ തുരുത്തുകള്‍
പോലെ ഒച്ചകള്‍

ദിനേന തമ്മില്‍ക്കാണുന്ന
സ്ഥിരം അപരിചിതര്‍

സ്വന്തം കാല്‍പാദങ്ങളിലേക്കു
കണ്ണുകള്‍ പായിക്കുന്ന
തലകള്‍ നിറഞ്ഞ ലിഫ്റ്റുകള്‍

പോക്കുവരവു ക്രമീകരിക്കപ്പെട്ട
ചില്ലു ജാലകങ്ങള്‍ക്കുള്ളില്‍
തൂക്കിയിട്ട വളയങ്ങള്‍-
തെറ്റാതെ വളയം ചാടുന്ന

അശ്വാഭാസികള്‍-!