Tuesday, February 20, 2007

ചില നേരങ്ങള്‍..!


ആറാം നിലയില്‍
ചില്ലുഗ്ലാസ്സിന്നരികെ നിന്നും
അവര്‍ 'വര്‍ക്ക് ലൊഡി'നെക്കുറിച്ചുപറഞ്ഞു..

ഇടയ്ക്ക് ഒന്നൊ രണ്ടൊ സെക്കന്റ് നിലയ്ക്കുന്ന
ഏ സി-യെക്കുറിച്ചു തമ്മില്‍ തമ്മില്‍ പരാതി പറഞ്ഞു..

വെന്റിങ്ങ് മെഷീനിലെ ചേരാത്ത കാപ്പിയെക്കുറിച്ചും
കലരാത്ത പാല്‍പ്പൊടി വരുത്തുന്ന
ദഹനപ്രശ്നങ്ങളെക്കുറിച്ചും പറഞ്ഞു..!

ശീതീകരണ മുറിയിലിരുന്നാലുണ്ടാകുന്ന ആരൊഗ്യപ്രശ്‌നങ്ങള്‍..
പിന്നിലൊട്ടു ചെരിയുന്ന കസേര
നട്ടെല്ലിനു വരുത്തുന്ന മഹാരൊഗങ്ങള്‍...

ചരിഞ്ഞിരിപ്പും ചാഞ്ഞിരിപ്പും വരുത്തുന്ന
ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ച്‌,
'ഹെല്‍ത്ത്‌ ഫൊര്‍ യു' വില്‍ വന്ന ലേഖനത്തെക്കുറിച്ച്..

പുതുതായി പണിയുന്ന എട്ടുനിലക്കെട്ടിടം
ഉയര്‍ത്തുന്ന പൊടി..അലര്‍ജികള്‍..!

താഴെ പൊരിവെയിലില്‍ ഇതൊന്നുമറിയാതെ
അവര്‍ പണി ചെയ്യുകയായിരുന്നു..

വെയിലേറ്റു വെയിലേറ്റ് അവര്‍ കറുത്തു പൊയിരുന്നു..
അവര്‍ക്ക് ജീവിതത്തൊട്‌ വെയിലിലുരുകിത്തെളിഞ്ഞ പ്രണയമായിരുന്നു...
കിനാക്കളുടെ വാതില്‍ക്കല്‍ കാത്തു വെച്ചത്
കുഞ്ഞിന്റെ പുന്ചിരിയും നിറവയറിന്റെ സമ്രുദ്ധിയുമായിരുന്നു..

നട്ടെല്ലിനുമപ്പുറം നിവര്‍ന്നു നില്‍ക്കുന്ന
ജീവിതങ്ങളെക്കുറിച്ച്‌ നിങ്ങള്‍ കണ്ടുവൊ..ഒരു ലേഖനം..?


(ഫെബ്രുവരി 2007)

No comments: