Wednesday, February 21, 2007

ചിരികള്‍


എനിക്കു കിട്ടുന്ന ചിരികള്‍
പലപ്പൊഴും പഴകിയവയാണ്..
നാട്യം ഭാവിച്ചു
നാറ്റം വമിപ്പിച്ചു
പുറത്തു വരുന്നവ..

ചാരുതയേറിയ ചിരികളും
ചിലപ്പൊള്‍ കിട്ടാറുണ്ട്..
ചെറിയൊരു കാറ്റു പുറത്തേക്കൂതി
നെഞ്ഞു തുളയ്ക്കുന്ന വേദനപകര്‍ന്ന്
പുറത്തു വരുന്ന ചിരികള്‍..

ഇനിയുമുണ്ട് ചിരികള്‍..
ബന്ദു പൊലെ മൂകവും നിശ്ചലവുമായ ചിരികള്‍
‍അരുവി പൊലെ കുണുങ്ങുന്ന ചിരികള്‍
‍പ്രാര്‍ത്ഥന പൊലെ നിശ്ശബ്ദമായ ചിരികള്‍..
അരയാലില പൊലെ ഇളകുന്ന ചിരികള്‍

ബാല്യത്തിന്റെ മയില്‍പ്പീലിച്ചിരികള്‍
മഴച്ചിരികള്‍..കുപ്പിവളച്ചിരികള്‍..
മഞ്ഞ പിടിച്ച പുസ്തകത്താളുകള്‍ പൊലെ
പഴയ പ്രണയത്തിന്റെ ഓര്‍മ്മച്ചിരികള്‍..

കല്യാണ വീടുകളിലെ മുഴങ്ങുന്ന ചിരികള്‍
‍ബൂത്തുകളില്‍ വിരലില്‍ മഷി പടരും മുമ്പ്
ആഴങ്ങള്‍ തുറക്കുന്ന ചിരികള്‍
മരണ വീടുകളിലെ ദുഃഖം ഘനീഭവിച്ച ചിരികള്‍..


തിരിച്ചു വരാത്ത കുഞ്ഞിനെ
തിരയുന്ന ആധിച്ചിരികള്‍ ‍
പിച്ചിച്ചീന്തപ്പെട്ട ദേഹങ്ങളില്‍ തങ്ങി നില്‍ക്കുന്ന
കീറിപ്പറിഞ്ഞ ചിരികള്‍..
ജീവന്‍ നിലച്ചു പൊയ ചിരികള്‍..


ഇല്ലായ്മയുടെ നെടുവീര്‍പ്പു ചിരികളും
അടുപ്പില്‍ അരി തിളയ്ക്കുമ്പൊഴുള്ള
ആവി പൊലുള്ള ചിരികളും..

വൈകുന്നേരങ്ങളിലെ കവലച്ചിരികള്‍
‍കത്തിയില്‍ ചൊര പടരുന്ന പകച്ചിരികള്‍
‍നൊവിന്റെ കയ്പ്പുചിരികള്‍..

പഴയ മുഖങ്ങള്‍ക്കൊപ്പം മറഞ്ഞു പൊയ ചിരികളുണ്ട്..
ചിരികള്‍ മാത്രമായി മായാത്തതുമുണ്ട്.

യാത്ര പറഞ്ഞിറങ്ങുമ്പൊഴും
പിന്നെയൊരവധിക്കു തിരിച്ചെത്തുമ്പൊഴും
അമ്മ നിറയ്ക്കുന്ന ചിരിയുണ്ട്..
കണ്‍കൊണുകളില്‍ നനവു പടര്‍ന്ന്
വിടരുന്ന ചിരി..

ഇങ്ങനെ ചിരികളെക്കുറിച്ചൊര്‍ക്കുമ്പൊള്‍
‍വെറുതെ ചിരിക്കാന്‍ തൊന്നും ..!



(ഫെബ്രുവരി 2007)

1 comment:

G.MANU said...

ബന്ദു പൊലെ മൂകവും നിശ്ചലവുമായ ചിരികള്‍

nannayi mashey