Wednesday, February 28, 2007

നഷ്ടവാസരങ്ങള്‍..

എത്ര നഷ്ടവാസരങ്ങള്‍
കഴിഞ്ഞു പൊയെത്ര
മാമ്പൂക്കള്‍ കൊഴിഞ്ഞു
പൊയത്രയും നിശ്ശബ്ദമെത്ര
മൌനമാത്രകളടര്‍ന്നു പോയി

നഗരഹ്രിദയത്തിലാര്‍ത്തിരമ്പും
ജനപഥങ്ങള്‍ സാക്ഷിയായി
എത്ര മേല്‍ വിസ്മയം
നാം പിന്നെയും കണ്ടു മുട്ടി..!


മിണ്ടുവാന്‍ മറന്നു പൊയി
നാമെല്ലാം മറന്നങ്ങനെ
നിന്നു പൊയി..!

ഒട്ടു നേരം സ്തബ്ധരായി നാമെന്തു
ചൊല്ലേണ്ടുവെന്നൊര്‍ക്കവെ;
തെല്ലു ദൂരെയങ്ങു കായലൊ-
രത്തൊരു കൊച്ചു
റസ്റ്റൊറന്റിലഭയം പ്രാപിക്കവേ
നമ്മെ തനിച്ചിരുത്തി-
യൊര്‍ത്തെന്തൊ നുകരുവാന്‍
ഒരുമാത്രയൊര്‍മ്മ-
യുമെങ്ങൊ യാത്രയായി.. !

ആവി പൊങ്ങും കാപ്പിക്കി-
രുപുറവുമിരുന്നെന്തൊ ചൊല്ലുവാന്‍
വാക്കുകള്‍ പരതവെ
നീള്‍മിഴികളിടഞ്ഞെന്തൊ മൊഴിയുന്നു

ടേപ്പ്‌റെക്കൊര്‍ഡറിലൂടൊഴുകും
ശീലുകള്‍ കേട്ടു കുളിര്‍കാറ്റു
നിന്‍ മുടിയിഴത്തുമ്പില്‍
മ്രിദുലമായി തഴുകുന്നു

ദൂരെ, ഇളംകാറ്റു വീണലിഞ്ഞ
കായലില്‍ നൊക്കിയൊരു
പക്ഷി മുഖം മിനുക്കുന്നു;
ശാഖകള്‍ ചായ്ച്ചൊരു മാമരം
അകലെ തെന്നി വീണൊഴുകുമൊരു
പാഴിലയെ വിളിക്കുന്നു: "തിരികെ വരിക.."

താളം തുള്ളിയൊഴുകു-
മൊളങ്ങള്‍ മുറിച്ചിടയ്ക്കിടെ
തല പൊക്കിക്കാഴ്ച
കാണുന്നു പുതുമീനുകള്‍

‍സന്ധ്യ മയങ്ങിയെന്നൊരു
സാന്ധ്യരാഗവും മൂളി;
ഒരു കുയില്‍നാദം
ദൂരെദൂരെയകലുന്നു..

ഹ്രിദയം നൊന്തീ
പകലിന്‍ നൊവുകള്‍
കായലിന്‍ കുളിരുടല്‍
ഗാഢമായി പുണരുന്നു..

കാവ്യദീപ്തിയൊരുമീ
സമാഗമത്തിനു സാക്ഷിയായി
നാമിരുവരും പിന്നെയീ
സന്ധ്യയും..!

അന്തിനക്ഷത്രം ചൊല്ലും കഥ
കേട്ടു കേട്ടിരുട്ടിന്‍ പുതപ്പാല്‍
മേനിയാകെപ്പുതച്ചു
കായലുറങ്ങുന്നു..

ഒരു ശിശുവിന്‍ സുസ്മേരവും
ചുണ്ടിലുണര്‍ത്തിയജ്ഞാത
ഗായകനാരൊ പാടും
പഴയൊരു പാട്ടുമെങ്ങൊ മുഴങ്ങുന്നു..

നിന്‍മിഴിയിതള്‍ത്തുമ്പില്‍
നിന്നാ ഗാനവീചി
മൌനമായി ഞാന്‍
പകര്‍ന്നെടുക്കവേ,
പിന്നെയും വിടരുകയാണാ
നഷ്ടവാസരങ്ങള്‍
തുടുവാസനച്ചെമ്പകപ്പൂക്കള്‍
പൊലെന്നിലും നിന്നിലും..!


ആഗസ്ത് 2001

1 comment:

Jobish Pachat said...

ഒരു പാടു വര്‍ഷം മുമ്പു ഇങ്ങനെയൊക്കെയായിരിക്കും കണ്ടു മുട്ടുക എന്നൊര്‍ത്തു..ഒരു പഴയ എഴുത്ത്..