Monday, February 19, 2007

പറയാതെ..


കണ്ടതെന്തൊ മിണ്ടുവാന്‍
മറന്നു ഞാന്‍
‍കേട്ടതെന്തൊ ചൊല്ലുവാനും
മറന്നു...

ഇനിയൊരു നിമിഷം;
എന്റെ നൊക്കില്‍
നിന്നു നീ മാഞ്ഞു പൊകും;
ഓര്‍മ്മയും മായു-

മെല്ലാം മറന്നിടും;
അലസമൊടുക്കം
നീ തന്നെയും മാഞ്ഞു
പൊമീ മണ്ണില്‍ നിന്നും !

പരസ്പരം കണ്ടെന്തൊ-
ചൊല്ലിപ്പിരിഞ്ഞു
തിരിച്ചെത്തവേ നാമെത്ര-
മേലന്യരായിത്തീര്‍ന്നിടും..!

മിഴി നിറയുന്നു;
മൊഴി പതറുന്നു,
വഴി നീളെയീ നൊവിന്‍
ചുഴികള്‍ മാത്രം !

നിന്റെ ചൊല്ലും ചിരിയു-
മെനിക്കിഷ്ടമാകിലു-
മെന്റെ നൊക്കും വാക്കും
നീ വെറുക്കിലും

ഓര്‍ക്കയെത്ര വേഗമീ-
കാലമണച്ചു
പായുന്നു ; മുറിവേറ്റ
കുതിരയെപ്പൊല്‍..!



(നവംബര്‍ 2001)

Friday, February 16, 2007

കാത്തിരിപ്പ്...!


വയല്‍വരമ്പിലൂടെ നടക്കുമ്പൊള്‍
നെല്‍ച്ചെടികളുടെ മര്‍മ്മരം
നിന്റെ പതിഞ്ഞ കാലൊച്ചയെന്നു തൊന്നി..

ഇളം കാറ്റിന്റെ പൊക്കു വരവില്‍
നിന്റെ നിശ്വാസത്തിന്റെ മണവും മൌനവും
നിറഞ്ഞു നിന്നിരുന്നു..

വെയിലാറുമ്പൊള്‍ ഒരു സായം കാല-
സ്വപ്‌നമായി നീ വരുന്നതും കാത്ത്;
ചിലപ്പൊള്‍ മഴയുടെ കൈരേഖകളില്‍
നിനക്കായി പ്രണയാക്ഷരങ്ങള്‍ കുറിച്ച്..

വീണലിയുന്ന ഒരു മഞ്ഞുതുള്ളിയില്‍
നിന്റെ സ്നേഹസ്നിഗ്ധതയുടെ നനവു കണ്ട്..
നിന്നെ കേട്ടു കേട്ട്..;
നിനക്കായി എന്റെ ശ്വാസം പകര്‍ന്നു വെച്ച്..

മഴയിരമ്പലിനൊടുക്കം
മഴവില്ലു വിരിഞ്ഞപ്പൊഴും,
നിശ വിരിയിട്ട വഴിയിലാകെ
നീല വാനം പൂത്തപ്പൊഴും,
എന്നൊ നാമിരുന്ന തീരത്ത്
ഏതൊ കാല്‍പ്പാടു പതിഞ്ഞപ്പൊഴും,
ഞാന്‍ നിന്നെയൊര്‍ത്തു..!

മഴയുടെ സംഗീതം,
സാന്ത്വനം പകരുന്ന ഒരു നൊവാണെന്ന്
നീ പറഞ്ഞതും ഞാനൊര്‍ത്തു..!

ഇപ്പൊള്‍ എനിക്കു മുമ്പില്‍
മഴ നീണ്ടു നീണ്ടു പൊവുകയാണ്‌..
കാത്തിരിപ്പിന്റെ ഇടവേളകളില്ലാതെ,
ഹ്രുദയത്തിലെങ്ങൊ
നിന്റെ സ്വരവും ഗന്ധവുമായെത്തുന്ന,
അണമുറിയാത്ത മഴ..__
മഴ മാത്രം ...!


(സെപ്റ്റംബര്‍ 2001)

രണ്ട് തുമ്പികള്‍..!

പൂവായ പൂവെല്ലാം പൂത്തുലഞ്ഞു..,
കാവായ കാവെല്ലാം കുളിരാര്‍ന്നു നിന്നു..
നീയും നിന്റെ ശബ്ദവും ഗന്ധവും,
മുക്കുത്തിയില്‍ മിന്നി നില്‍ക്കുന്ന ഒരു നക്ഷത്രവും..!

ഒരു കാട്ടു ചൊലയുടെ പതപ്പും മുഴക്കവുമായി
ഏതൊ പഴമയിലെ രണ്ടു ജീവബിന്ദുക്കളായി
ഏഴു തഴ്വാരങ്ങളിലെ പാട്ടും പ്രതിധ്വനിയുമായി
മുങ്ങി നിവര്‍ന്നു പട്ടു ചേല മാറുന്ന
ഋതുഭേദങ്ങളായി..

നാമൊടുവില്‍..,
വെയിലേറ്റു പിരുപിരുക്കുന്ന ചിറകുകള്‍ വീശി
എന്തൊ മന്ത്രിക്കുന്ന,
രണ്‌ടു തുമ്പികളായി...!


(സെപ്റ്റംബര്‍ 2001)

രാത്രി..


രാത്രി; പൂമുഖത്തൊരു
നിശാഗന്ധിപ്പൂ വിടര്‍ത്തി
നിഴലും നിലാവുമിഴ
ചേരുമൊരു പട്ടു ചേല ചുറ്റി
നിത്യതയെഴുമൊരു
നിശ്ചല ചിത്രമായി
നിര്‍മലമൊരു നിശ്ശബ്ദ സംഗീതമായി
നിത്യകന്യകേ നീ വന്നുവൊ..?
സ്മ്രിതിഗന്ധവാഹിയാം മാരുതനുതിരുന്നു
നിന്റെ നിശ്വാസമായി,
മ്രിദുപല്ലവിയാം പടര്‍മുല്ല
ഋതുമതിയാവുന്നു നിന്റെ സ്വപ്നങ്ങളില്‍..
ഏതു മൌനരാഗത്തിന്‍ പൊരുള്‍
തേടി നീയലയുന്നു ?
നിത്യദുഃഖമേവുമീ
താരാട്ടമ്മയാവുന്നു..!
മുഗ്ധയാമൊരു താപസകന്യയെപ്പൊല്‍
നീയാര്‍ക്കായി വ്രതം കൊള്‍വൂ ?
നിലാവിന്‍ പുന്ചിരിച്ചാര്‍ത്താല്‍
പ്രണയവിവശയായി ആരൊടു സല്ലപിക്കുന്നു..!
നീയാരുടെ സ്വപ്നമായി വിടരുന്നു,
നിന്നിലൂടായിരം പൂക്കള്‍ വിടര്‍ത്തുന്നു..!
നിഴല്‍ച്ചിത്രങ്ങളിളക്കിയാരെ ഭയപ്പെടുത്തുന്നു,
നീയാര്‍ക്കായി ന്രുത്തമാടുന്നു..?
കേവലഭയത്തിന്നൊരു
നുള്ളു കുങ്കുമം ചിന്തി
നീയെന്തിനെന്നില്‍ പടരുന്നു;
കരിനീല മിഴിയെഴുതുന്നു..!
മാറില്‍ കിടത്തി താരാട്ടു ചൊല്ലിയീ-
ലൊകത്തെയുറക്കി നീയാരെ
മുലയൂട്ടി വളര്‍ത്തുന്നു...?
നിന്‍ മടിത്തട്ടിലെയുണ്ണി
വളര്‍ന്നു പകലായിത്തീരവേപ്പിന്നെ-
ഹേ രാത്രി !
നീയെങ്ങു പൊയി മറയുന്നു..!


(ആഗസ്ത് 2001)

Thursday, February 15, 2007

പുലര്‍ വര്‍ഷം..


സുഖമൊരുന്ന പുതപ്പിന്നുള്ളില്‍
മല്‍പ്രാണപ്രിയയാം നിദ്രയെ പുണര്‍ന്നു
ഞാനൊരു ശിശുവായി മാറവേ കുളിരുന്ന
ശ്വാസം പൊഴിച്ചാരൊ ജനല്‍പ്പാളി നീക്കുന്നു..

പൊടുന്നനെ മുറ്റത്തുമിറയത്തും
മച്ചിന്‍ പുറത്തുമൊരു മദ്ദള മേളം,
കൊട്ടിത്തിമിര്‍ക്കവേ ഒരു വളകിലുക്കമൊരു-
കപ്പു കാപ്പിയായി ഉണര്‍ത്തുന്നിതെന്നെ..!

മുറ്റത്തെ മാവിന്‍ ചില്ലയേതൊ ഗദ്ഗദം
തൊണ്ടയില്‍ കുടുങ്ങിപ്പിടയുന്നു,
കണ്ണുനീര്‍ മണ്ണിലൂക്കായി പതിക്കുന്നു..

ദൂരെയിറയത്തു മാറിയൊരു പക്ഷി
കുളി കഴിഞ്ഞു മുടിയുലര്‍ത്തവേ,
മന്ദമെന്തൊ മന്ത്രിപ്പൂ മഴ കാറ്റിന്‍ കാതില്‍..
അശ്വമായി കുതിക്കും മാരുതന്‍,
മഴയുമായി പിന്നെയെങ്ങൊ മറയുന്നു..!

ധ്രുതിയിലൊന്നു കുളി വരുത്തിയേന്‍
കവല പൂകാനൊരുങ്ങവേ,
പിന്നെയുമെത്തുന്നീ മഴ
ഒരു പരിഭവപ്പാട്ടുമായി...!


(ഏപ്രില്‍ 2001)

ജന്‍മാന്തരം..!


ഇന്നു പുലരിയിലൊരു കുരുവിയെന്നൊടു
ചിരിച്ചു ചൊല്‍വൂ:

"പൊയ ജന്‍മത്തിലെങ്ങൊ

വേറിട്ടു മാറാതെ കഴിഞ്ഞൊര്‍,
നമ്മള്‍ കാലചക്രത്തിനൊടുക്കം
കണ്ണികളറ്റു പൊയൊര്‍..
ഏറെ ചിരിച്ചൊരൊടുക്കം,
കരഞ്ഞു വേര്‍ പെട്ടൊര്‍..
മറന്നു പൊയെല്ലാം മറന്നല്ലയൊ..? "

ആ മൊഴി കേട്ടൊന്നു
കണ്‍ചിമ്മി തുറന്നീടവേ-
യദ്ഭുതമാപ്പക്ഷിയെപ്പിന്നെ
കാണ്‍മതില്ലെങ്ങുമേ...!


(ഫെബ്രുവരി 2001)

ദിവസങ്ങള്‍..!


ദിവസങ്ങള്‍..
നിമിഷങ്ങള്‍ കണ്ണികളിണക്കി
ബലവത്താക്കിയ നിന്നില്‍
ഞാന്‍ മുഖമമര്‍ത്തുകയാണ്‌..
കണ്ണുനീരില്‍ നനഞ്ഞ്,
ബലമറ്റു പൊവാതെ നീ വളരുക..!

നിനക്കുള്ള ദാഹനീരാകട്ടെ-
എന്റെ തപ്താശ്രുക്കള്‍
നിന്റെ പ്രത്യാശയുടെ നീരുറവയാകട്ടെ-
ഈമിഴിത്തുമ്പുകള്‍..

നിനക്കായുള്ള പ്രാര്‍ഥനയാവട്ടെ,
എന്റെ സങ്കല്‍പ്പങ്ങള്‍..
നിനക്കു വേണ്ടിയാവട്ടെ,
ഈ ജീവിതം തന്നെയും..!

നീ...
നീ സ്വഛന്ദമൊഴുകുന്ന പുഴ..
ഇളം കാറ്റു മന്ദഹസിക്കുന്നത്
നിന്റെ ചൊടികളില്‍..
മഴ പരിഭവം പറഞ്ഞു പുണരുന്നതും നിന്നെ..!

ഇനി നീ നാണം മറയ്ക്കുക..
ഈ മഴ നൂലിഴകളാല്‍
ഒരു പട്ടുവസ്ത്രം തീര്‍ക്കുക..
നിന്റെ കുളിരുള്ള പുതപ്പാല്‍
എന്നെയും മൂടുക.. !

പിന്നെ നമുക്ക്‌,
കരയുന്ന മേഘത്തിന്റെ
പുറമേറി സാന്ത്വനം ചൊല്ലാം..!


(മെയ്‌ 2001)

Wednesday, February 14, 2007

സന്ധ്യ..!


മറന്നു പൊയി ഞാന്‍
ഏതു കടല്‍ക്കരയിലാദ്യം കണ്ടു
കുങ്കുമം വാര്‍ന്നു ചൊപ്പു പടര്‍ന്ന
നിന്‍ മുഖം..!

നിദ്ര പൂകാനേറവേ,
തപ്തമാമേതൊര്‍മ്മ
നിന്നില്‍ നിറഞ്ഞു;
കണ്‍കളില്‍ ഈറന്‍ പടര്‍ന്നു ..!


(മാര്‍ച്ച് 2001)

ഇനി നിനക്ക്..


ഒരു വേലിപ്പടര്‍പ്പു മുഴുവന്‍
ചികഞ്ഞിട്ടും;
ഒരു കാക്കപ്പൂ കണ്ടെടുക്കാന്‍
കഴിയാത്ത ഞാന്‍..

എന്റെ കണ്ണും കാഴ്ചയും,
എരിയുന്ന മനസ്സിന്റെ മന്ത്രണങ്ങളും
പകലിന്റെ കിനാവും
രാവിന്റെ ഹ്രിദയ രക്തവും
ഇനി നീ സ്വീകരിക്കുക..!


(മെയ് 2001)

പ്രണയം..


പ്രണയിക്കുന്നവരാര്‌ ?
പ്രണയിച്ചവരാര്‌ ?

കുന്നിന്‍ മുകളില്‍ ആരൊ ഉണ്ട്.
ചെമ്മണ്‍ പാതയില്‍ നടന്നു മറഞ്ഞതാര്‌ ?

വഴിപ്പൊന്തയില്‍ പതിയിരിക്കുന്നതാര്‌ ?
ഒന്നുമറിയില്ലെങ്കില്‍ പിന്നെന്തിനു നിങ്ങള്‍ ഇറങ്ങി നടന്നു..?


കഷ്ടം എന്റെ വിധി..;
ആ തലയൊട്ടിയും,
എല്ലിന്‍ കഷ്ണങ്ങളും
ഞാനാണല്ലൊ കാണേന്ടി വരിക..!


(മാര്‍ച്ച് 2000)

മൂകം..


അങ്ങിനെ,
എന്നെ മരണം വന്നു പൊതിഞ്ഞു..
ഇപ്പൊള്‍,
തപ്ത നിശ്വാസങളാണെങ്ങും..;

കാറ്റിന്റെ തീവ്രത കുറഞ്ഞിരിക്കുന്നു
പാട്ടിന്റെ ഈണം നിലച്ചിരിക്കുന്നു
ഞാനിപ്പൊഴാഗ്രഹിക്കുന്നു;
നീ എന്നെ തഴുകിയെങ്കില്‍...

വെറുതെ സാന്ത്വനത്തിന്റെ മാറാപ്പ്‌
നീ എന്തിനെടുത്തണിയണം.

ഏറെക്കലാം നിന്റെ സ്വരം ഞാന്‍ ശ്രവിച്ചു
എനിക്കു ദുഃഖം തൊന്നുന്നു..
ഏന്റെ മൂകത എങ്ങിനെ നിന്നെ അറിയിക്കും..?

നീ ഹ്രുദയം പൂട്ടുകയാണൊ ?
ക്ഷ്മിക്കുമെങ്കില്‍ പറയട്ടെ,
ഇനിയെങ്കിലും ഹ്രുദയത്തില്‍ കുറിക്കൂ,
കണ്ണീരിന്റെ നനവു കലരാത്ത,
എന്റെ കയ്യൊപ്പ് ...!


(ജുണ്‍ 1999)

മഴയും ഞാനും..!


ഈ മഴയ്ക്ക് ഞാനുണ്ടാവും
മഴയില്‍ നനഞ്ഞ്..!
മുമ്പ്‌ മഴ വന്നാല്‍ അടുത്ത്
അഛനും അമ്മയും വേണം..

ഇനിയൊരിയ്ക്കല്‍ മഴ വരും..
കറുപ്പില്‍ നിന്നും തൂവെളളയിലെത്തുന്ന മഴ..

അന്ന് മഴയില്ലാത്ത ലൊകത്ത്
എന്നെ നൊക്കി നൊക്കി അവരിരിയ്ക്കും..
പിന്നെ, ഞാന്‍ തനിച്ച് ഒരു മഴയ്ക്കായി കാത്തിരിയ്ക്കും..

ഇനിയൊരു കാലം ഞാനില്ലാതെ
തനിച്ച് മഴ പെയ്യും..!


(ജൂലായ് 2000)

പനി..!


അവളുടെ മുഖത്ത് പനിയായിരുന്നു.
അവിടമാകെ നേരിയ പനി
മണം പരത്തി നിന്നിരുന്നു.

പനിയുടെ നിശ്വാസത്തില്‍
ഏതൊ സ്വപ്നം തേടി മനസ്സ്-
കണ്ണുകള്‍ പൂട്ടി പുതപ്പിട്ടിരുന്നു

ഒരു നനുത്ത ഓര്‍മയുടെ കുളിരില്‍
‍മേനി വിറച്ചിരുന്നു.

കുളിരു മഴയായി പെയ്തു തീര്‍ന്നു
മേനി വിയര്‍ത്തു..

ഇപ്പൊള്‍ പനി വിട്ടു മാറി.
നേരിയ ആ ഗന്ധം...

ശേഷിക്കുന്നത് അതു മാത്രം..!!


(ജുണ്‍ 2000)

സായാഹ്നം..!


കണ്ണടച്ചു കാലും നീട്ടി
വെറുതെയിരിപ്പൂ
സായാഹ്നം.
ഉണക്കാന്‍ ചിക്കിയതൊക്കെ
വാരിയെടുക്കെ
ആരൊ പറയുന്നു:
"വെയില്‍ മങ്ങി, സായാഹ്നമായി..

ഇനി വാരിക്കൂട്ടി മൂലയ്ക്കു വെക്കാം.."


(ഫെബ്രുവരി - 2001)

വിരഹം


വിരഹമെന്‍ മിഴിത്തുമ്പിലൂറുമ്പൊള്‍
ഒരു കടലാസുതുതുണ്ടിലൊരിറ്റു മഷിത്തുള്ളിയില്‍
‍പകര്‍ന്നൊട്ടെ ഞാനെന്റെ മൌനം..!

മിഴി കൂമ്പി വീഴാന്‍ വെമ്പുന്നു നീയൊഴിഞു
പൊവതില്ലെന്നില്‍ നിന്നും; കാണ്‍മതില്ലെ..,
വാക്കുകള്‍ക്കിടയ്ക്കായി വേറിട്ടു തുടിക്കുമൊരു ഹ്രുദയം ...!



(ഫെബ്രുവരി 2001)

നിന്നൊട്..


ഇനി കാണുവതെന്ന്..,
അപ്പൊള്‍ ചൊല്ലുവതെന്ത്..,
ഒക്കത്തിരിക്കും ചിരിക്കുടുക്കയ്ക്കു
വാങ്ങുവതെന്ത് ...!


(ഫെബ്രുവരി 2001)

കാലം..


ഉമ്മ വെച്ചുമ്മവെച്ച് എന്നെയുറക്കിയതും,
അണയാനാഞ്ഞൊരെന്‍ മണ്ചെരാതിലെണ്ണ പകര്‍ന്നതും
ഒരു പൂവിന്‍ മ്രിദുവിതള്‍ ചുണ്ടാല്‍ മധുമന്ത്രം പകര്‍ന്നതും
പിന്നെയൊരമ്രുത സ്മ്രിതിയായെന്നില്‍ നിറയുന്നതും
കാലമേ നീയല്ലെ നിന്നങ്കണത്തിലങ്കുരിക്കുമൊരു കാട്ടുമുല്ലപ്പടര്‍പ്പല്ലെ...!



(ഫെബ്രുവരി 2001)

Tuesday, February 13, 2007

ഒന്നുമില്ലൊന്നുമില്ല !

ഒന്നുമില്ലൊന്നുമില്ല;
ഒരു നൊക്കു കാണുവാന്‍ മാത്രം,
ഒന്നുമില്ലൊന്നുമില്ല;
ഒരു വാക്കു മിണ്ടുവാന്‍ മാത്രം,
ഒന്നുമില്ലൊന്നുമില്ല നിന്‍ ചെന്ചുന്ടിലുതിരും
ഒരു നുള്ളു കുങ്കുമം നുകരുവാന്‍ മാത്രം ..!
(ആഗസ്റ്റ് 2001)