Tuesday, October 16, 2007

എത്തിച്ചേരല്‍

ഗുരുകാരണവന്‍മാരുടെയെല്ലാം
അനുഗ്രഹത്തോടെയാണ്‌
യാത്ര തുടങ്ങിയത്‌

പാതി വഴി പിന്നിട്ടപ്പോള്‍
പക്ഷെ വഴി മറന്നു പോയി

ദിശയെഴുതിയ കുറിപ്പും
കളഞ്ഞു പോയി

മുമ്പോട്ട് പോകുവാന്‍ വയ്യ

അധിനിവേശത്തിന്റെ
അമേരിക്കയില്‍
കൊളംബസെന്ന പോലെ
വഴി മാറിച്ചെന്നാല്‍-

തച്ചു തകര്‍ക്കപ്പെടുന്ന സംസ്കൃതികള്‍
തുടച്ചു നീക്കപ്പെടുന്ന മനുഷ്യര്‍
ആത്മാഭിമാനത്തിന്റെ ചോരപ്പുഴകള്‍
അന്ത്യകൂദാശകളാത്മരോദനങ്ങള്‍-

ദിശയറിയാത്ത യാത്ര
തിരിച്ചു വരവില്ലാത്ത
മറ്റൊരു ഭൂമികയിലേക്കു
നീണ്ടാല്‍-

അടിവേരുകളില്ലാത്ത
അപ്പൂപ്പന്‍താടിയായ്‌
ദേശാന്തരങ്ങളിലൂടെ
മോക്ഷം തേടിയുള്ള യാത്രയും വയ്യ

പിന്നിട്ട വഴികളിലേക്കു
തിരികെച്ചെന്ന്
കുറിപ്പു തിരഞ്ഞാലൊ..?

പിറകോട്ടു തിരയാന്‍ വയ്യ-
പിന്നിട്ട വഴിയിലെ പ്രലോഭനങ്ങള്‍
അയാള്‍ക്കേ അറിയൂ-

കഥ പറച്ചിലിന്റെ നഖമുനകള്‍
വിവസ്ത്രമാക്കിയ മയില്‍പ്പീലിത്തുണ്ട്
ഇരുളിലിഴ മുറിയാത്ത തീമഴയായ്‌
പെരുങ്കളിയാട്ടം

പ്രളയം വരുമെന്നറിഞ്ഞിട്ടും
അഭയത്തിനൊരാലില
കാത്തു വെക്കാതെ പോയ
പ്രണയം

മൌനം വെടിഞ്ഞു
മന്ത്രം ജപിക്കുന്ന
മദ്യക്കുപ്പികള്‍

പിന്നെ കുന്നിറങ്ങി വരുമ്പൊള്‍
നാലാമത്തെ വളവില്‍
പിറകെയോടിയ കൊടിച്ചിപ്പട്ടി

നീലാണ്ടന്‍ കാവിലെ ഇരുളില്‍ വെച്ച്‌
പനി പിടിപ്പിച്ച പ്രേതങ്ങള്‍

നീല ശംഖുപുഷ്പത്തിന്റെ മറവില്‍
ഇല്ലിവേലിക്കുള്ളിലൂടെ
തല പുറത്തേക്കു നീട്ടിയ ശംഖുവരയന്‍

പിന്നിലേക്കു തിരയാന്‍ വയ്യ
പ്രലോഭനം കുരുക്കിട്ടെങ്കിലൊ ?

ഇനി ഈ തുരുത്തില്‍
കുറ്റിയടിച്ചു കെട്ടിക്കിടക്കാം -

Monday, October 8, 2007

സായാഹ്നയാത്ര

സന്ധ്യക്കുള്ള യാത്രകള്‍
നീ ഇഷ്ടപ്പെടുന്നില്ലേ ?

മങ്ങിയ വെളിച്ചത്തില്‍
മുങ്ങിയ പുറം കാഴ്ചകളെ,

മറയ്‌ക്കപ്പെടുന്ന സത്യങ്ങള്‍ പോലെ
ഇരുളില്‍ മറയുന്ന വന്‍മരങ്ങളെ,

ശിഥിലമായ ചിന്തകള്‍ പോലെ
ചിതറി നീങ്ങുന്ന മനുഷ്യരെ,

ദീപാലംകൃതമായ അമ്പലങ്ങളെ,
പള്ളിമണി മുഴക്കുന്ന ദേവാലയങ്ങളെ,

വെറുക്കുന്ന തുറിച്ചുനോട്ടം പോലെ
പ്രകാശിക്കുന്ന മണിമാളികകളെ,

കടത്തിണ്ണകളില്‍ കീറിയ പുതപ്പുകളില്‍
ഉറക്കം ബാധിച്ച ജീവിതങ്ങളെ,

നിലാവു വീണ തെരുവുകളില്‍
നിഴലിച്ചു കാണുന്ന പെണ്‍ചിരികളെ,

അകലെ പെയ്തു തുടങ്ങുന്ന
മഴയുടെ നനവിനെ..,

നിനക്കിഷ്ടമല്ലെ
ഈ കാഴ്ചകളൊന്നും ?

കാഴ്ചകള്‍ക്കു കനം വെച്ചു
കണ്ണുകള്‍ ഇരുള്‍ മൂടുന്നതിനു മുമ്പേ,

ചെമ്പരത്തിപ്പൂവുകള്‍ വിടരുന്ന
ഒരു രാത്രിയുടെ മുറ്റത്ത്‌
ഈ യാത്ര തീരും മുമ്പേ,
നീ വരില്ലേ
സായാഹ്നയാത്രയ്ക്കായി ?

ഓഫീസ്‌

പതിനായിരത്തിലധികം
ചതുരശ്രയടിയുടെ വിശാലത
എന്നിട്ടും
പത്തടി വ്യാസത്തില്‍
വട്ടം കൂടി സൌഹൃദങ്ങള്‍

കൂട്ടായി മുഴങ്ങുന്നെങ്കിലും
ഒറ്റയായ തുരുത്തുകള്‍
പോലെ ഒച്ചകള്‍

ദിനേന തമ്മില്‍ക്കാണുന്ന
സ്ഥിരം അപരിചിതര്‍

സ്വന്തം കാല്‍പാദങ്ങളിലേക്കു
കണ്ണുകള്‍ പായിക്കുന്ന
തലകള്‍ നിറഞ്ഞ ലിഫ്റ്റുകള്‍

പോക്കുവരവു ക്രമീകരിക്കപ്പെട്ട
ചില്ലു ജാലകങ്ങള്‍ക്കുള്ളില്‍
തൂക്കിയിട്ട വളയങ്ങള്‍-
തെറ്റാതെ വളയം ചാടുന്ന

അശ്വാഭാസികള്‍-!

Monday, March 5, 2007

ഓര്‍മ്മത്തെറ്റുകള്‍

ഓര്‍ക്കുന്നില്ല ഞാ,നമ്മയെന്‍ കാതിലാദ്യം
ചൊന്ന വാക്കുമെ,ന്നഛന്റെ വിരല്‍ത്തുമ്പു
തൂങ്ങിയാദ്യമായി പിച്ചവെച്ച വഴികളും

ചിതലരിക്കുമീ,യൊര്‍മ്മകളെന്നിലുയിരിടും മുമ്പേ
കണ്ണേ,യെന്നു ചൊന്നുമ്മവെച്ചു വാരിപ്പുണര്‍-
ന്നതേതു കരങ്ങളെന്നുമൊര്‍മ്മയില്ല

ആരൊ മുമ്പേ കുറിച്ചിട്ടൊരെന്‍ ജീവിത-
രേഖകള്‍ നാവൊറു പാട്ടായി ചൊല്ലിയ
കുറത്തിമുത്തിതന്‍ മുഖവും മറന്നു

ആദ്യം നനഞ്ഞ മഴയുമാദ്യത്തെയൊണവു-
മാദ്യം കണികണ്ടുണര്‍ന്ന വിഷുപ്പുലരിയു-
മാദ്യത്തെ ശകാരവും പിച്ചും, കരച്ചിലു-
മാദ്യമായിചിരിച്ച സനേഹിതനു,മെല്ലാ-
മാദ്യന്തമില്ലാതെ മാഞ്ഞുപൊയി

മാനമിരുളും മഴക്കാലദിനങ്ങളിലെന്നരി-
കത്തിരുന്നു സ്ലേറ്റില്‍ വരച്ചതാരെന്നൊര്‍മ്മയില്ല
വരാന്തയിലിരുനിരയായി നീണ്ട വരികളി-
ലൊന്നിലിരുന്നെന്തു "ചൂടാ,ണീ കഞ്ഞി"യെന്നു
ചൊന്നതാരുടെ സ്വരമെന്നുമൊര്‍മ്മയില്ല

വിറയാര്‍ന്നുതിര്‍ന്ന മഴയെ ചെറുത്തീടാ,നൊരു-
കുടക്കീഴിലെത്രമേല്‍ ചേര്‍ന്നു നിന്നിരുന്നൂ നമ്മള്‍ ‍
മഴയായി കാലം പെയ്തുതൊരുമ്പൊ-
ഴെങ്ങൊ വെച്ചു മറന്നൂ ഞാനാ കുടയും മുഖങ്ങളും

വഴിയറിയാതെയുഴറി നിന്ന വഴിത്താരകളി-
ലെത്ര പേര്‍ വെളിച്ചമായി വഴിതെളിച്ചു നിന്നു
പിന്നെ, മുഖം തരാതെ കാലത്തിന്‍
‍നടവരമ്പിലൂടെങ്ങൊ നടന്നു മറഞ്ഞു

എത്ര യാത്ര,കളതിലെത്രയെത്ര മുഖങ്ങള്‍
മിണ്ടുവാനൊര്‍ത്തു തുടങ്ങും മുമ്പേ
വിട പറഞ്ഞു പൊയവര്‍; ചിലപ്പൊള്‍
പരസ്പരമെന്തൊ മിണ്ടിപ്പിരിഞ്ഞവര്‍

മനസ്സിന്നൊരു കൊണിലായിങ്ങനെ,
മറവിയുടെ മൌനം മറയ്ക്കുന്നേറെ മുഖങ്ങള്‍

ഓര്‍മ്മ തന്‍ വിരല്‍പ്പാടൊന്നും പതിയാ-
തെത്രയൊ ചീരിയും കണ്ണീരും ചിറകിലേറ്റി-
യെത്രമേല്‍ നിശ്ശബ്ദമീ കാലമുരുളുന്നു !

കണ്ണെത്തീടാതെങ്ങൊ മറഞ്ഞു പൊയ വാസരങ്ങ-
ള,തിലെങ്ങും തെളിയാതെ പൊയൊ,രൊര്‍മ്മക്കുറിപ്പുകള്‍

കണ്ണൊന്നു ചിമ്മിയാല്‍ നൃത്തം ചെയ്യും
വര്‍ണ്ണചിത്രങ്ങളേറെയുണ്ടൊര്‍മ്മയിലെങ്കിലും
കാലങ്ങളായെന്‍ മനസ്സിന്നിതള്‍ത്തുമ്പി-
ലെങ്ങൊ,യിറ്റു വീഴാതെ നില്ക്കു-
മൊര്‍മ്മച്ചിന്തുകള്‍-
ഓര്‍മ്മത്തെറ്റുകളതെത്രമേല്‍ ധന്യം ..!

(മാര്‍ച്ച് 2007)

Thursday, March 1, 2007

ഇറങ്ങിപ്പൊകല്‍…

ചൊര കലര്‍ന്നു മണലിനു ചൊപ്പായപ്പൊള്‍
ചൊദിക്കാതെ നാട്ടിലേക്കയാള്‍ പൊന്നു

ചൊദിക്കാതെ അവള്‍ പൊയതിനെക്കുറിച്ചു
ചുറ്റും നിറഞ്ഞ പല ഭാവത്തിലുള്ള മുഖങ്ങള്‍
ചൊദിക്കാതെ തന്നെ അയാളൊടു പറഞ്ഞു..

വലിയ വീടും , കാറും, വില പിടിച്ച തുണിത്തരങ്ങളും..
അവള്‍ക്കു വാങ്ങിക്കൊടുത്തതെല്ലാം അയാള്‍ ഓര്‍ത്തു..
പിന്നെ ആഞ്ഞു ശപിച്ചു.. "മഹാപാപി…"

പക്ഷെ ഒന്നുമെടുക്കാതെ തന്റെ പഴയൊരു ചുരിദാര്‍
മാത്രം ധരിച്ചായിരുന്നത്രെ അവള്‍
ഇറങ്ങിപ്പൊയ്ക്കളഞ്ഞത്..!


(മാര്‍ച്ച് 2007)

Wednesday, February 28, 2007

നഷ്ടവാസരങ്ങള്‍..

എത്ര നഷ്ടവാസരങ്ങള്‍
കഴിഞ്ഞു പൊയെത്ര
മാമ്പൂക്കള്‍ കൊഴിഞ്ഞു
പൊയത്രയും നിശ്ശബ്ദമെത്ര
മൌനമാത്രകളടര്‍ന്നു പോയി

നഗരഹ്രിദയത്തിലാര്‍ത്തിരമ്പും
ജനപഥങ്ങള്‍ സാക്ഷിയായി
എത്ര മേല്‍ വിസ്മയം
നാം പിന്നെയും കണ്ടു മുട്ടി..!


മിണ്ടുവാന്‍ മറന്നു പൊയി
നാമെല്ലാം മറന്നങ്ങനെ
നിന്നു പൊയി..!

ഒട്ടു നേരം സ്തബ്ധരായി നാമെന്തു
ചൊല്ലേണ്ടുവെന്നൊര്‍ക്കവെ;
തെല്ലു ദൂരെയങ്ങു കായലൊ-
രത്തൊരു കൊച്ചു
റസ്റ്റൊറന്റിലഭയം പ്രാപിക്കവേ
നമ്മെ തനിച്ചിരുത്തി-
യൊര്‍ത്തെന്തൊ നുകരുവാന്‍
ഒരുമാത്രയൊര്‍മ്മ-
യുമെങ്ങൊ യാത്രയായി.. !

ആവി പൊങ്ങും കാപ്പിക്കി-
രുപുറവുമിരുന്നെന്തൊ ചൊല്ലുവാന്‍
വാക്കുകള്‍ പരതവെ
നീള്‍മിഴികളിടഞ്ഞെന്തൊ മൊഴിയുന്നു

ടേപ്പ്‌റെക്കൊര്‍ഡറിലൂടൊഴുകും
ശീലുകള്‍ കേട്ടു കുളിര്‍കാറ്റു
നിന്‍ മുടിയിഴത്തുമ്പില്‍
മ്രിദുലമായി തഴുകുന്നു

ദൂരെ, ഇളംകാറ്റു വീണലിഞ്ഞ
കായലില്‍ നൊക്കിയൊരു
പക്ഷി മുഖം മിനുക്കുന്നു;
ശാഖകള്‍ ചായ്ച്ചൊരു മാമരം
അകലെ തെന്നി വീണൊഴുകുമൊരു
പാഴിലയെ വിളിക്കുന്നു: "തിരികെ വരിക.."

താളം തുള്ളിയൊഴുകു-
മൊളങ്ങള്‍ മുറിച്ചിടയ്ക്കിടെ
തല പൊക്കിക്കാഴ്ച
കാണുന്നു പുതുമീനുകള്‍

‍സന്ധ്യ മയങ്ങിയെന്നൊരു
സാന്ധ്യരാഗവും മൂളി;
ഒരു കുയില്‍നാദം
ദൂരെദൂരെയകലുന്നു..

ഹ്രിദയം നൊന്തീ
പകലിന്‍ നൊവുകള്‍
കായലിന്‍ കുളിരുടല്‍
ഗാഢമായി പുണരുന്നു..

കാവ്യദീപ്തിയൊരുമീ
സമാഗമത്തിനു സാക്ഷിയായി
നാമിരുവരും പിന്നെയീ
സന്ധ്യയും..!

അന്തിനക്ഷത്രം ചൊല്ലും കഥ
കേട്ടു കേട്ടിരുട്ടിന്‍ പുതപ്പാല്‍
മേനിയാകെപ്പുതച്ചു
കായലുറങ്ങുന്നു..

ഒരു ശിശുവിന്‍ സുസ്മേരവും
ചുണ്ടിലുണര്‍ത്തിയജ്ഞാത
ഗായകനാരൊ പാടും
പഴയൊരു പാട്ടുമെങ്ങൊ മുഴങ്ങുന്നു..

നിന്‍മിഴിയിതള്‍ത്തുമ്പില്‍
നിന്നാ ഗാനവീചി
മൌനമായി ഞാന്‍
പകര്‍ന്നെടുക്കവേ,
പിന്നെയും വിടരുകയാണാ
നഷ്ടവാസരങ്ങള്‍
തുടുവാസനച്ചെമ്പകപ്പൂക്കള്‍
പൊലെന്നിലും നിന്നിലും..!


ആഗസ്ത് 2001

Wednesday, February 21, 2007

ചിരികള്‍


എനിക്കു കിട്ടുന്ന ചിരികള്‍
പലപ്പൊഴും പഴകിയവയാണ്..
നാട്യം ഭാവിച്ചു
നാറ്റം വമിപ്പിച്ചു
പുറത്തു വരുന്നവ..

ചാരുതയേറിയ ചിരികളും
ചിലപ്പൊള്‍ കിട്ടാറുണ്ട്..
ചെറിയൊരു കാറ്റു പുറത്തേക്കൂതി
നെഞ്ഞു തുളയ്ക്കുന്ന വേദനപകര്‍ന്ന്
പുറത്തു വരുന്ന ചിരികള്‍..

ഇനിയുമുണ്ട് ചിരികള്‍..
ബന്ദു പൊലെ മൂകവും നിശ്ചലവുമായ ചിരികള്‍
‍അരുവി പൊലെ കുണുങ്ങുന്ന ചിരികള്‍
‍പ്രാര്‍ത്ഥന പൊലെ നിശ്ശബ്ദമായ ചിരികള്‍..
അരയാലില പൊലെ ഇളകുന്ന ചിരികള്‍

ബാല്യത്തിന്റെ മയില്‍പ്പീലിച്ചിരികള്‍
മഴച്ചിരികള്‍..കുപ്പിവളച്ചിരികള്‍..
മഞ്ഞ പിടിച്ച പുസ്തകത്താളുകള്‍ പൊലെ
പഴയ പ്രണയത്തിന്റെ ഓര്‍മ്മച്ചിരികള്‍..

കല്യാണ വീടുകളിലെ മുഴങ്ങുന്ന ചിരികള്‍
‍ബൂത്തുകളില്‍ വിരലില്‍ മഷി പടരും മുമ്പ്
ആഴങ്ങള്‍ തുറക്കുന്ന ചിരികള്‍
മരണ വീടുകളിലെ ദുഃഖം ഘനീഭവിച്ച ചിരികള്‍..


തിരിച്ചു വരാത്ത കുഞ്ഞിനെ
തിരയുന്ന ആധിച്ചിരികള്‍ ‍
പിച്ചിച്ചീന്തപ്പെട്ട ദേഹങ്ങളില്‍ തങ്ങി നില്‍ക്കുന്ന
കീറിപ്പറിഞ്ഞ ചിരികള്‍..
ജീവന്‍ നിലച്ചു പൊയ ചിരികള്‍..


ഇല്ലായ്മയുടെ നെടുവീര്‍പ്പു ചിരികളും
അടുപ്പില്‍ അരി തിളയ്ക്കുമ്പൊഴുള്ള
ആവി പൊലുള്ള ചിരികളും..

വൈകുന്നേരങ്ങളിലെ കവലച്ചിരികള്‍
‍കത്തിയില്‍ ചൊര പടരുന്ന പകച്ചിരികള്‍
‍നൊവിന്റെ കയ്പ്പുചിരികള്‍..

പഴയ മുഖങ്ങള്‍ക്കൊപ്പം മറഞ്ഞു പൊയ ചിരികളുണ്ട്..
ചിരികള്‍ മാത്രമായി മായാത്തതുമുണ്ട്.

യാത്ര പറഞ്ഞിറങ്ങുമ്പൊഴും
പിന്നെയൊരവധിക്കു തിരിച്ചെത്തുമ്പൊഴും
അമ്മ നിറയ്ക്കുന്ന ചിരിയുണ്ട്..
കണ്‍കൊണുകളില്‍ നനവു പടര്‍ന്ന്
വിടരുന്ന ചിരി..

ഇങ്ങനെ ചിരികളെക്കുറിച്ചൊര്‍ക്കുമ്പൊള്‍
‍വെറുതെ ചിരിക്കാന്‍ തൊന്നും ..!



(ഫെബ്രുവരി 2007)

പ്രണയം

പ്രണയം പറഞ്ഞു പറഞ്ഞ്‌
പ്രണയിക്കുന്ന മിക്കവര്‍ക്കും പ്രമേഹം വന്നു.

മധുരം അധികമാണു പ്രണയത്തിന്‌
മറ്റൊന്നുമല്ല കാരണമെന്നു ഡൊക്ടര്‍ പറഞ്ഞു

ഇപ്പൊള്‍ എല്ലാവരും ശ്രദ്ധിച്ചാണ്‌..
ഇത്തിരി ഉപ്പും പുളിയും കലര്‍ത്തിയാണു പ്രണയം
നൈരാശ്യതിന്റെ പ്രമേഹങ്ങള്‍ എത്ര കുറവെന്നു ഡൊക്ടര്‍..

(ഫെബ്രുവരി 2007)

Tuesday, February 20, 2007

ചില നേരങ്ങള്‍..!


ആറാം നിലയില്‍
ചില്ലുഗ്ലാസ്സിന്നരികെ നിന്നും
അവര്‍ 'വര്‍ക്ക് ലൊഡി'നെക്കുറിച്ചുപറഞ്ഞു..

ഇടയ്ക്ക് ഒന്നൊ രണ്ടൊ സെക്കന്റ് നിലയ്ക്കുന്ന
ഏ സി-യെക്കുറിച്ചു തമ്മില്‍ തമ്മില്‍ പരാതി പറഞ്ഞു..

വെന്റിങ്ങ് മെഷീനിലെ ചേരാത്ത കാപ്പിയെക്കുറിച്ചും
കലരാത്ത പാല്‍പ്പൊടി വരുത്തുന്ന
ദഹനപ്രശ്നങ്ങളെക്കുറിച്ചും പറഞ്ഞു..!

ശീതീകരണ മുറിയിലിരുന്നാലുണ്ടാകുന്ന ആരൊഗ്യപ്രശ്‌നങ്ങള്‍..
പിന്നിലൊട്ടു ചെരിയുന്ന കസേര
നട്ടെല്ലിനു വരുത്തുന്ന മഹാരൊഗങ്ങള്‍...

ചരിഞ്ഞിരിപ്പും ചാഞ്ഞിരിപ്പും വരുത്തുന്ന
ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ച്‌,
'ഹെല്‍ത്ത്‌ ഫൊര്‍ യു' വില്‍ വന്ന ലേഖനത്തെക്കുറിച്ച്..

പുതുതായി പണിയുന്ന എട്ടുനിലക്കെട്ടിടം
ഉയര്‍ത്തുന്ന പൊടി..അലര്‍ജികള്‍..!

താഴെ പൊരിവെയിലില്‍ ഇതൊന്നുമറിയാതെ
അവര്‍ പണി ചെയ്യുകയായിരുന്നു..

വെയിലേറ്റു വെയിലേറ്റ് അവര്‍ കറുത്തു പൊയിരുന്നു..
അവര്‍ക്ക് ജീവിതത്തൊട്‌ വെയിലിലുരുകിത്തെളിഞ്ഞ പ്രണയമായിരുന്നു...
കിനാക്കളുടെ വാതില്‍ക്കല്‍ കാത്തു വെച്ചത്
കുഞ്ഞിന്റെ പുന്ചിരിയും നിറവയറിന്റെ സമ്രുദ്ധിയുമായിരുന്നു..

നട്ടെല്ലിനുമപ്പുറം നിവര്‍ന്നു നില്‍ക്കുന്ന
ജീവിതങ്ങളെക്കുറിച്ച്‌ നിങ്ങള്‍ കണ്ടുവൊ..ഒരു ലേഖനം..?


(ഫെബ്രുവരി 2007)